Kerala
വയനാട്ടില്‍ കാട്ടാന ആക്രമണത്തിൽ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം
കൽപറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തിൽ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം. വയനാട് പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ കർണാടക കുട്ട സ്വദേശിയായ വിഷ്ണുവാണ് (22) മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്.
പാതിരി റിസർവ് വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്തുവെച്ചായിരുന്നു ആക്രമണം. സംഭവമറിഞ്ഞയുടൻ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ സ്ഥലത്തെത്തി വിഷ്ണുവിനെ ചുമന്ന് വനപാതയിലെത്തിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ മധ്യേ വിഷ്ണുവിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു.
റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്കുള്ള യാത്രയിലായിരുന്നു വിഷ്ണു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിഷ്ണുവിന്റെ കുടുംബത്തിന് സഹായധനം നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.