Kerala

കേരളത്തിലും തമിഴ്നാട്ടിലും വോട്ട്, പരിശോധന ശക്തമാക്കി; കൂടുതൽ പേരുണ്ടെന്ന് സംശയം

Posted on

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിലെ ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിനായി റവന്യൂ വകുപ്പ് വോട്ടർമാരുടെ ഹിയറിങ് നടത്തി. ഹിയറിംഗിന് ഹാജരായവരിൽ മുപ്പതോളം പേർ കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ സമ്മത പത്രം നൽകി. അതേസമയം വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്ന നടപടി വേഗത്തിൽ ഉണ്ടാകില്ല.

ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് എന്നീ വാർഡുകളിലെ 211 പേര്‍ക്കാണ് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ടെന്ന് കണ്ടെത്തിയത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരട്ടവോട്ട് സംബന്ധിച്ച് പരാതിയുയർന്നത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കണ്ണന്‍റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗില്‍ 115 പേർ നേരിട്ട് ഹാജരായി. ഇവരില്‍ നിന്നും എവിടെ വോട്ട് രേഖപ്പെടുത്താനാണ് തല്‍പര്യമെന്ന സമ്മത പത്രം ഒപ്പിട്ട് വാങ്ങി. എൺപത്തി അഞ്ചോളം പേർ കേരളത്തിലെ വോട്ട് നിലനിർത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഹാജരാകാത്തവർ തമിഴ് നാട്ടിൽ സ്ഥിര താമസം ഉള്ളവരോ മരിച്ചവരോ ആണെന്നാണ് നിഗമനം.

നോട്ടീസ് കൈപ്പറ്റിയവർ ഹാജരാകാത്തത് സംബന്ധിച്ച് റവന്യൂ വകുപ്പ് പരിശോധന നടത്തും. മുൻപ് തമിഴ് നാട്ടിൽ കഴിഞ്ഞ വരും വിവാഹ ശേഷം ഇടുക്കിയിലേയ്ക്ക് വന്നവരും രണ്ട് സംസ്ഥാനത്തെയും വോട്ടർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഹിയറിംഗ് സംബന്ധിച്ച റിപ്പോർട്ട് കളക്ടർക് കൈമാറും. തുടർന്ന് തമിഴ് നാട്ടിലെ തേനി ജില്ലയിലെ ഫോട്ടോ പതിച്ച വോട്ടേഴ്‌സ് ലിസ്റ്റ് ഔദ്യോഗികമായി ആവശ്യപെടും. ഇത് ഇടുക്കിയിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് പരിശോധിക്കും. ഇതിന് ശേഷമാവും ഇരട്ട വോട്ടുകളിൽ ഒന്ന് നീക്കം ചെയ്യുക. ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ തോട്ടം മേഖലയിൽ കൂടുതൽ ഇരട്ട വോട്ടുകൾ ഉണ്ടെന്ന സംശയം ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version