Kerala

പവർ ഗ്രൂപ്പിലെ മുഖ്യൻ ദിലീപ്, നടി ആക്രമിക്കപ്പെട്ടതിന് ശേഷവും ഇടപെടലുണ്ടായി

Posted on

കൊച്ചി: മലയാള സിനിമാ രംഗത്തെ പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ നടന്‍ ദിലീപ്. ഈ മേഖലയിലെ കടിഞ്ഞാണ്‍ കൈക്കലാക്കിയ ദിലീപ് ഉള്‍പ്പെടുന്ന പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്.

ദിലീപിന്റെ ഇടപെടലില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവര്‍ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവര്‍ത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില്‍ പവർ ഗ്രൂപ്പുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. എഎംഎംഎ ഉല്‍പ്പെടെ തിയേറ്റര്‍ സംഘടനകള്‍ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒരു സിനിമയിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. നടിയെ അക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ദിലീപിന്റെ കൂടെ ചേര്‍ന്ന് നിന്നു. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകന്‍ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതും ദിലീപാണ്. നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിര്‍ത്താന്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സമ്മര്‍ദം ചെലുത്തി. വിദേശത്ത് സിനിമ പുറത്തിറക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ദിലീപിന്റെ സമ്മര്‍ദത്തിലുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version