Kerala
ദേവനന്ദയ്ക്കെതിരെ സൈബര്‍ ആക്രമണം; പരാതിയുമായി കുടുംബം
ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ബാലതാരമാണ് ദേവനന്ദ. അടുത്തിടെ തന്റെ പുതിയ ചിത്രമായ ‘ഗു’വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ദേവനന്ദ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ നിന്ന് ഒരു പ്രത്യേക ഭാഗം അടര്‍ത്തിയെടുത്താണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ സൈബര്‍ നടപടിക്കൊരുങ്ങിയിരിക്കുകയാണ് ദേവനന്ദയുടെ കുടുംബം. എറണാകുളം സൈബര്‍ പൊലീസിന് ദേവനന്ദയുടെ അച്ഛന് ജിബിന്‍ പരാതി നല്കി. പരാതിയുടെ പൂര്‍ണരൂപം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.
നിലവില്‍ പ്രചരിക്കുന്ന വീഡിയോ തന്റെ മകളെ മനഃപൂര്‍വം അപമാനിക്കാനാണെന്നും അത് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. “പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടില്‍വെച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത ഇന്റര്‍വ്യൂവില്‍ നിന്ന് ഒരു ഭാഗം മാത്രം കട്ട് ചെയ്തു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും, മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപ്പെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു,” കുറിപ്പില്‍ പറയുന്നു.
പോലീസില്‍ നല്കിയ പരാതിയുടെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട SHO മുന്‍പാകെ ദേവനന്ദയ്ക്കു വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിന്‍ ബോധിപ്പിക്കുന്ന പരാതി,
എന്റെ മകളുടെ ഏറ്റവും പുതിയ സിനിമയായ ഗുവിന്റെ പ്രമോഷന്റെ ഭാഗമായി എന്റെ വീട്ടില്‍ വച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത അഭിമുഖത്തില്‍ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തില്‍ മനഃപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ അവരുടെ ഫെയ്സ്ബുക്ക് / യൂട്യൂബ് / ഇന്‍സ്റ്റഗ്രാം ചാനലുകളിലും/ പേജുകളിലും, മുകളില്‍ പറഞ്ഞ ചാനലില്‍ വന്ന ഇന്റര്‍വ്യൂവില്‍ നിന്ന് ഒരു ഭാഗം മാത്രം ഡൗണ്‍ലോഡ് ചെയ്ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുകയും ചെയ്തു.