India
അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രി
ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. നേരത്തെ സുഷമ സ്വരാജും ഷീലാ ദീക്ഷിതും ഡൽഹി മുഖ്യമന്ത്രിമാരായിരുന്നു.
ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയായ അതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള എഎപി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് അതിഷി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.