Kerala
ജനൽ ചില്ല് പൊട്ടിയതിന് 300 രൂപ പിഴയടയ്ക്കാൻ പറഞ്ഞെന്ന് ആരോപണം; 14കാരന്റെ ആത്മഹത്യയിൽ സ്കൂളിനെതിരെ കുടുംബം
കണ്ണൂർ: വെളിമാനത്ത് പതിനാലുകാരന്റെ ആത്മഹത്യയിൽ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായ ആരോമൽ സുരേഷാണ് മരിച്ചത്. ക്ലാസ്മുറിയിലെ ജനൽചില്ല് പൊട്ടിച്ചതിനെ തുടർന്ന് പിഴ ആവശ്യപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. എന്നാൽ പരാതി അടിസ്ഥാനരഹിതമെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകർക്കെതിരെയാണ് ആരോമലിന്റെ കുടുംബത്തിന്റെ പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആരോമലിനെ കണ്ടെത്തുന്നത്.പരാതിയിൽ പറയുന്നതിങ്ങനെ. “തിങ്കളാഴ്ച ആരോമലും സുഹൃത്തും പരസ്പരം വാച്ച് കൈമാറുന്നതിനിടയിൽ കൈ തട്ടി ക്ലാസ് മുറിയുടെ ജനൽചില്ല് പൊട്ടി. തുടർന്ന് 300 രൂപ പിഴയടക്കാൻ കുട്ടികളോട് ക്ലാസ് ടീച്ചർ ആവശ്യപ്പെട്ടു. പിറ്റേദിവസം സ്കൂളിലെത്തി ഓണപരീക്ഷയെഴുതിയ ആരോമലിനെ വൈകുന്നേരമാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നു. ചില്ല് പൊട്ടിയതിൽ ആരോമലിനെ അധ്യാപകർ വീണ്ടും ചോദ്യം ചെയ്തെന്നും അതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ്” രക്ഷിതാക്കളുടെ പരാതി.
അതേസമയം സ്കൂളിന്റെ ഭാഗത്ത് പിഴവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് നിലവിൽ കേസ്. ആരോമലിന്റെ മരണത്തിൽ പ്രതിഷേധിച്ച് വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലേക്ക് ഡിവൈഎഫ്ഐ അടക്കമുള്ള യുവജനസംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.