Kottayam
വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
പൊൻകുന്നം : വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ്.ആർ (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടിൽ താമസിക്കാൻ എത്തുകയും,
ഇവിടെവച്ച് വൃദ്ധയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി വൃദ്ധയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഒരു ലക്ഷത്തി നാലായിരം രൂപ തമിഴ്നാട്ടിലുള്ള ഇവരുടെ അക്കൗണ്ടിലോട്ട് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കൂടാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന 36,000 രൂപയും, മൊബൈൽ ഫോണും മോഷ്ടിച്ചുകൊണ്ട് പോവുകയുമായിരുന്നു. തുടർന്ന് വയോധിക രണ്ടാഴ്ചയ്ക്കുശേഷം തന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ എ.റ്റി.എമ്മിൽ എത്തുകയും എന്നാൽ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി അറിഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വയോധികയുടെ അക്കൗണ്ടിലെ പണം കാഞ്ചീപുരത്തുള്ള ബാങ്കിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും,
തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ മാരായ ഹരിഹരകുമാർ നായർ, ബിജു എം.ജി, മനോജ് കെ.ജി, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഓ കിരൺ.എസ്.കർത്താ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.