Crime
മൃതദേഹം ബാഗിലാക്കി ട്രെയിനിൽ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ
കൊലപാതകത്തിനുശേഷം മൃതദേഹം ബാഗിലാക്കി ട്രെയിനിൽ കടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. മുംബൈയിലാണ് സംഭവം. മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനിൽവച്ചാണ് പ്രതികളായ ജയ് പ്രവീണ്‍ ചാവ്ദ, ശിവജീത് സുരേന്ദ്ര സിങ് എന്നിവർ പിടിയിലായത്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്) ഗവണ്‍മെന്റ് റെയില്‍വേ പൊലീസും (ജി.ആര്‍.പി) ചേർന്ന് ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അർഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഒരു സ്ത്രീ സുഹൃത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൊല്ലപ്പെട്ടയാൾ പാർട്ടിക്കായി വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് വീണ്ടും തർക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കളയാനായി തുതാരി എക്സ്പ്രസ് ട്രെയിനില്‍ പോകാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ബാഗ് തുറന്നപ്പോൾ മൃതദേഹം പൂർണമായും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ദാദര്‍ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളില്‍ ഒരാളെ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.