Crime
ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിനെ വെടിവച്ച് വീഴത്തി, ഹെലികോപ്ടറിന് തീയിട്ട് പാപുവയിലെ വിഘടനവാദികൾ
ജയപുര: ന്യൂസിലാൻറിൽ നിന്നുള്ള പൈലറ്റിനെ ക്രൂരമായി കൊലപ്പെടുത്തി വിഘടനവാദികൾ. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ പാപുവയിലാണ് സംഭവം. ഹെലികോപ്ടറിലുണ്ടായി നാല് യാത്രക്കാർ സുരക്ഷിതരെന്നാണ് അന്തർ ദേശീയമാധ്യമങ്ങൾ ഇന്തോനേഷ്യയിലെ വ്യോമയാന കംപനിയായ പിടി ഇന്റാൻ അംഗ്കാസയിലെ പൈലറ്റായ ഗ്ലെൻ മാൽകോം കോണിംഗ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് പാപുവയിലെ പൊലീസ് വിശദമാക്കുന്നത്.
പശ്ചിമ പാപുവ ലിബറേഷൻ ആർമി സംഘാംഗങ്ങളാണ് പൈലറ്റിനെ വെടിവച്ച് കൊന്നതെന്നാണ് പുറത്ത് വരുന്ന വിവരം. സ്വതന്ത്ര പാപുവയ്ക്കായി പ്രവർത്തിക്കുന്ന ഫ്രീ പാപുവയുടെ ആയുധ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്. പാപുവയിലെ മധ്യഭാഗത്തുള്ള അലാമയിൽ ഹെലികോപ്ടർ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് വിഘടനവാദികൾ പൈലറ്റിനെ വെടിവച്ച് വീഴ്ത്തിയത്. ഹെലികോപ്ടറിലുണ്ടായിരുന്നു ആദിവാസി വിഭാഗത്തിലുള്ള യാത്രക്കാരെ പുറത്തിറക്കിയ ശേഷം സംഘം ഹെലികോപ്ടറിന് തീയിടുകയായിരുന്നു.
അലാമ ഗ്രാമവാസികൾ തന്നെയായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. മലനിരകൾ നിറഞ്ഞ ഈ മേഖലയ്ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാർഗമാണ് ഹെലികോപ്ടർ. അക്രമത്തിന് പിന്നാലെ കാട്ടിലൊളിച്ച വിഘടനവാദികൾക്കായുള്ള പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തോട് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രാലയവും ജക്കാർത്ത എംബസിയും ഇനിയും പ്രതികരിച്ചിട്ടില്ല.
18മാസങ്ങൾക്ക് മുൻപ് സമാനമായ മറ്റൊരു സംഭവത്തിൽ ന്യൂസിലാൻഡ് സ്വദേശിയായ മറ്റൊരു പൈലറ്റിനെ വിഘടനവാദികൾ തട്ടിക്കൊണ്ട് പോയിരുന്നു. ഇയാളിപ്പോഴും ഇവരുടെ പിടിയിലാണുള്ളത്. പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമായ പാപുവയുടെ പടിഞ്ഞാറൻ മേഖലയെ ഇന്തോനേഷ്യയിൽ നിന്ന് സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഘടനവാദികളുടെ പ്രവർത്തനം. ഇന്തോനേഷ്യൻ സൈന്യം പാപ്പുവയിലെ സാധാരണക്കാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമാണെന്നാണ് ഇവർ ആരോപിക്കുന്നത്.