Crime

വീണ്ടും നടുക്കുന്ന കൊലപാതകം, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതി പിടിയില്‍

Posted on

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നഴ്‌സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ ധര്‍മേന്ദ്രയെ രാജസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയില്‍ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്.

കഴിഞ്ഞ മാസം 30നാണ് സംഭവം. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയ്ക്ക് സമീപമുള്ള വീട്ടിലേക്ക് പോകുന്നതിനിടെ യുവതിയെ കാണാതാവുകയായിരുന്നു. ഓഗസ്റ്റ് എട്ടിന് യുവതിയെ കാണാനില്ലെന്ന് കാട്ടി സഹോദരി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ദിബ്ദിബ ഗ്രാമത്തില്‍നിന്ന് കണ്ടെത്തി.

ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി, ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ബിലാസ്പുര്‍ കാശിപുര്‍ റോഡില്‍ വാടകയ്ക്കു താമസിക്കുകയാണ്. ഇവിടെനിന്ന് ഏകദേശം ഒന്നരകിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. യുവതിക്ക് 11 വയസ്സുള്ള മകളുമുണ്ട്.

കഴിഞ്ഞ മാസം 30ന് വൈകീട്ട്, ജോലിക്കുശേഷം ഇന്ദ്ര ചൗക്കില്‍നിന്നു യുവതി ഇ-റിക്ഷയില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം യുവതിയെ കാണാതാവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version