Politics
സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകവും കേരളത്തിലുണ്ടായിട്ടില്ല: പെരിയ വിധിയിൽ ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതിവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേസിൽ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
ടി പി വധവുമായി പെരിയ ഇരട്ടക്കൊലപാതക കേസിനെ താരതമ്യം ചെയ്യേണ്ടതില്ല. പെരിയ ഇരട്ട കൊലപാതകം സംസ്ഥാന വിഷയമല്ല. കാസർകോട്ടെ ഒരു വിഷയമാണ്. സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകം പോലും കേരളത്തിൽ നടന്നിട്ടില്ല. പ്രാദേശികമായി നടന്നിട്ടുണ്ടെങ്കിൽ, അത് പരിശോധിക്കുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം പെരിയ വിധിയിൽ അപ്പീൽ പോകാനാണ് സിപിഐഎമ്മിന്റെ തീരുമാനം. പ്രതിചേർക്കപ്പെട്ട സിപിഐഎം നേതാക്കൾ നിരപരാധികളാണെന്നും കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും സിപിഐഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു. വഴി തടസപ്പെടുത്താതെ മാറി നിൽക്കൂവെന്ന് മാധ്യമങ്ങളോട് കയർത്തായിരുന്നു കെ വി കുഞ്ഞിരാമൻ കോടതി വിട്ടത്.