India
ബംഗാളില്‍ സിപിഎമ്മിന് വിശ്വാസക്കുറവ്, കോണ്‍ഗ്രസ് മമതയ്ക്കൊപ്പം പോകുമോയെന്ന് സംശയം
ബംഗാൾ : പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുമോയെന്ന് തീർച്ചായാക്കാനാകാതെ സിപിഎം. കോണ്‍ഗ്രസ് മമതക്ക് ഒപ്പം പോയാലും ഇടത് പാര്‍ട്ടികളെയെല്ലാം കൂട്ടി ബംഗാളില്‍ മത്സരിക്കാനും സിപിഎമ്മില്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ഞായറാഴ്ച ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലി നടത്തി ശക്തി പ്രക്ടനത്തിനാണ് സിപിഎം നീക്കം.
കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയാണ് തൃണമൂലിനും ബിജെപിക്കും എതിരെ 2021 ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചത്. എന്നാല്‍ വൻ തിരിച്ചടിയായിരുന്നു ഫലം. നേട്ടമുണ്ടാക്കാനായില്ലെങ്കിലും തല്ക്കാലം ബംഗാളില്‍ കോണ്‍ഗ്രസുമായുള്ല കൂട്ടുകെട്ട് ലോക്സഭ തെരഞ്ഞെടുപ്പിലും തുടരാമെന്നാണ് സിപിഎം കരുതുന്നത്. പക്ഷെ ഈ ഘട്ടത്തില്‍ പൂർണമായി കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാനും പാര്‍ട്ടി തയ്യാറായിട്ടില്ല. സഹകരിക്കാൻ തയ്യാറെന്ന മമതയുടെ ഓഫർ സിപിഎം തള്ളി കഴിഞ്ഞു. മമതക്കൊപ്പം പോയാല്‍ പിന്നെ ബംഗാളില്‍ തിരിച്ചുവരവ് സ്വപ്നം കാണാനാകില്ലെന്നും ബിജെപിക്ക് ഏകപക്ഷീയമായി പ്രതിപക്ഷത്ത് തുടരാൻ അത് വഴിവെക്കുമെന്നുമാണ് സിപിഎം കണക്ക് കൂട്ടല്‍.
സഖ്യത്തിന് തയ്യാറായാലും കൈയ്യിലുള്ള മാല്‍ഡ സൗത്തും ബെർഹാംപൊരെയും മാത്രമേ നല്‍കൂവെന്നാണ് കോണ്‍ഗ്രസിനോട് മമത വ്യക്തമാക്കിയിരിക്കുന്നത്. അത് അതിശക്തമായി കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി തള്ലിക്കഴിഞ്ഞു. എന്നാല്‍ മമത ചെറിയ വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വഴങ്ങാൻ സാധ്യതയുണ്ടെന്നത് സിപിഎം മുൻകൂട്ടി കാണുന്നുണ്ട്. അതിനാല്‍ പാർട്ടിയെ ശക്തിപ്പെടുത്തി ഇടത് കക്ഷികളെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് കഴിഞ്ഞ ആഴ്ച ചേർന്ന സിപിഎം സംസ്ഥാന സമിതി നിർദേശിച്ചത്.