Kerala
അതൃപ്തി പറയാതെ പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി; എഡിജിപിയുടെ സന്ദര്‍ശനം ആഭ്യന്തരവകുപ്പിന്റെ കാര്യം
എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അതൃപ്തിയുണ്ടെന്ന് തുറന്ന് പറയാതെ പൂര്‍ണ്ണ തൃപ്തിയോടെയാണോ ഇക്കാര്യങ്ങള്‍ പറയുന്നതെന്നായിരുന്നു ഗോവിന്ദന് പ്രതികരിച്ചത്. സിപിഐ അടക്കം അതൃപ്തി തുറന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയത്. പാര്‍ട്ടിയിലെ അസ്വസ്ഥതകള്‍ പൂര്‍ണ്ണമായും വ്യക്തമാക്കുന്നതായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം എന്നാണ് വിലയിരുത്തല്‍.
എഡിപിജി ആരെ കാണാന്‍ പോകുന്നതും പാര്‍ട്ടിയുടെ പ്രശ്നമല്ല. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. തൃശ്ശൂര്‍ പൂരം കലക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയാണ് അസംബന്ധം എന്ന് പറഞ്ഞത്. എഡിജിപി ആരെ കാണാന്‍ പോകുന്നു എന്നതെല്ലാം ആഭ്യന്തരവകുപ്പാണ് പരിശോധിക്കേണ്ടത്. അത് സര്‍ക്കാര്‍ കാര്യമാണെന്നും ഗോവിന്ദന് വ്യക്തമാക്കി. സിപിഎമ്മിന്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവര്ക്കും അറിയാം. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണ്. അത് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനേയും പൂര്‍ണ്ണമായും തള്ളാതെ എതിര്‍പ്പ് അറിയിക്കുന്നതാണ് ഗോവിന്ദന്റെ വാക്കുകള്‍. എഡിജിപി നിരന്തരം ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി എന്നതില്‍ സിപിഎമ്മില്‍ തന്നെ എതിര്‍പ്പുണ്ട്. ഇത് സംസ്ഥാന സെക്രട്ടറിയെ തന്നെ പല ഘടകങ്ങളും അറിയിച്ചതായാണ് വിവരം. അജിത്കുമാറിനെ ഇപ്പോഴും എന്തിനാണ് സംരക്ഷിക്കുന്നത് എന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം. ഇതിന് കൃത്യമായ മറുപടി നല്കാന് കഴിയാത്ത അവസ്ഥയിലാണ് എംവി ഗോവിന്ദന്. സിപിഎം സമ്മേളനങ്ങളിലും വിമര്‍ശനം ഉയരുന്നുണ്ട്. പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിയുന്നതായാണ് പുറത്തുവരുന്ന വിവരങ്ങളെന്നാണ് സമ്മേളനങ്ങളിലെ വിമര്‍ശനം.