Kerala

കുറ്റപത്രം നല്‍കാതെ പോലീസ്; പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്ക് ജാമ്യം

Posted on

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പോലീസിന്റെ ഓത്താശയെന്ന് ആരോപണം. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികളായ അരുണ്‍, ഷിബിന്‍ ലാല്‍, അതുല്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. തലശേരി കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ ആദ്യം മുതല്‍ തന്നെ പോലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതികള്‍ക്ക് ജാമ്യം കൂടി ലഭിച്ചതോടെയാണ് ഈ വിമര്‍ശനം ശക്തമാവുകയാണ്.

ആദ്യത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയഎതിരാളികളെയും ലക്ഷ്യമിട്ടാണു ബോംബ് നിര്‍മിച്ചതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഈ നിലപാടില്‍ പോലീസ് മാറ്റം വരുത്തി. അവസാനം സമര്‍പ്പിച്ച മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലും പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ബോംബ് നിര്‍മാണത്തിനു കാരണമായി പറഞ്ഞിരിക്കുന്നത്. ഇത് സിപിഎം പ്രതിരോധത്തിലായത് ഒഴിവാക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഏപ്രില്‍ 5ന് പുലര്‍ച്ചെയാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനായ ഷെറില്‍ മരിക്കുകയും മറ്റൊരു സിപിഎം പ്രവര്‍ത്തകനായ വലിയപറമ്പത്ത് വിനീഷിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 3 ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഎം പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version