Kerala
പാർട്ടി വോട്ടുകളടക്കം ചോർന്നു; ഐസക്കിന്‍റെ തോൽവി, സിപിഎമ്മിൽ കലഹം
പത്തനംതിട്ട: പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി തകർപ്പൻ ജയം നേടിയപ്പോൾ പരാജയത്തെച്ചൊല്ലി സിപിഎമ്മിൽ കലഹം രൂക്ഷമാകും. നേതാക്കൾ തമ്മിലെ തർക്കങ്ങളിൽ തുടങ്ങി പാർട്ടി വോട്ടിലെ ഗണ്യമായ ചോർച്ചയിൽ വരെ അന്വേഷണമുണ്ടാകും. അതേസമയം, ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ നിസഹകരണത്തിൽ അനിൽ ആന്‍റണിയും അതൃപ്തിയിലാണ്.
കേന്ദ്ര കമ്മിറ്റി അംഗത്തെ ഇറക്കിയുള്ള സിപിഎം പരീക്ഷണവും പത്തനംതിട്ടയിൽ പാളുന്ന കാഴ്ചയാണ് ഫലം പുറത്തുവന്നപ്പോള്‍ കണ്ടത്. യുഡിഎഫ് തരംഗത്തിൽ തിരിച്ചടിയുണ്ടായെന്ന് പ്രാഥമികമായി പറഞ്ഞെങ്കിലും പരാജയകാരണം കർശനമായി പരിശോധിക്കണമെന്ന നിലപാടിലാണ് തോമസ് ഐസക്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തുടക്കിലുണ്ടായ മന്ദിപ്പ്, ജില്ലാ കമ്മിറ്റി ഓഫീസിലെ കയ്യാങ്കളി, ചില മുതിർന്ന നേതാക്കളുടെ നിസംഗത എല്ലാത്തിലും പരിശോധനയുണ്ടാകും. പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ച് തോമസ് ഐസകിന്‍റെ പരാജയത്തില്‍ അന്വേഷണം നടത്തിയേക്കും.