Politics
സിപിഐഎമ്മിൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു, ബിജെപിയിലേക്ക് വലിയ ഒഴുക്ക് തുടരുകയാണ്; കെ.സുരേന്ദ്രൻ
സംസ്ഥാന വ്യാപകമായി സിപിഐഎമ്മിൽ നിന്നും ബിജെപിയിലേക്ക് വലിയ ഒഴുക്ക് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൻ്റെ ഭാഗമായാണ് മധു മുല്ലശ്ശേരി ബിജെപിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.
സിപിഐഎം പോപ്പുലർ ഫ്രണ്ട് വൽക്കരിക്കപ്പെട്ടു കഴിഞ്ഞു. പിണറായിയിൽ നിന്നും തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും. ജനങ്ങൾ ഇടതുപക്ഷത്തിന് ബദലായി കാണുന്നത് ബിജെപിയെയാണ്. പാർട്ടി മാറുന്നവർക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുകയാണ്. ബിപിൻ സി ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത് ഇതിൻ്റെ ഉദാഹരണമാണ്.
ഗാർഹിക പീഡനത്തിന് കേസെടുക്കുകയാണെങ്കിൽ ഭരണകക്ഷിയിലെ മന്ത്രിമാർക്കെതിരെ കേസെടുക്കേണ്ടി വരും. ബിജെപിയിൽ ചേരുന്നവർക്ക് മതിയായ സംരക്ഷണം നൽകും. തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെൻ്റ് മണ്ഡലങ്ങളും എൻഡിഎക്ക് നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ്.