Kerala
കരുവന്നൂരില്‍ പാര്‍ട്ടിയും പ്രതിയായതോടെ നില്ക്കക്കള്ളി ഇല്ലാതെ സിപിഎം
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ സിപിഎം. കള്ളപ്പണമിടപാട് കേസിൽ പാര്‍ട്ടിയെ കൂടി ഇഡി പ്രതിചേര്‍ത്തതോടെ ഇനി എന്ത് എന്ന ചോദ്യമാണ് സിപിഎമ്മിന് മുന്നിലുള്ളത്. കരുവന്നൂരില്‍ സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29 കോടിയുടെ സ്വത്തുക്കളാണു ഇഡി കണ്ടുകെട്ടിയത്. കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റി എന്ന് വ്യക്തമായതോടെ ആണ് കേസില്‍ സിപിഎമ്മും പ്രതിയായത്.
സിപിഎമ്മിൽനിന്ന് മാത്രം കണ്ടുകെട്ടിയത് 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ 2 അക്കൗണ്ടുകള്‍ ഉള്‍പ്പെടെ പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ 8 അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഏറ്റവും ആഘാതമേല്‍പ്പിച്ച ജില്ലയാണ് തൃശൂര്‍. കരുവന്നൂര്‍ തട്ടിപ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചപ്പോള്‍ ചരിത്രത്തിലാദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നതിന് സിപിഎമ്മിന് ദൃക്സാക്ഷിയാകേണ്ടി വന്നു. എല്‍ഡിഎഫിന്റെ വി.എസ്.സുനില്‍ കുമാര്‍ ബിജെപിയുടെ സുരേഷ് ഗോപിക്ക് പിന്നില്‍ രണ്ടാമതായതോടെ കരുവന്നൂര്‍ പരിഹരിക്കാന്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവും കേള്‍ക്കേണ്ടി വന്നു. കരുവന്നൂരുമായി ബന്ധപ്പെട്ട് വന്ന സങ്കീര്‍ണ രാഷ്ട്രീയ സമസ്യ പരിഹരിക്കാന്‍ കഴിയാതെ സിപിഎം ശ്വാസം മുട്ടുമ്പോഴാണ് കരുവന്നൂര്‍ കേസില്‍ പാര്‍ട്ടി കൂടി പ്രതിയായി മാറുന്നത്.