Kerala
കാന്തപുരത്തിൻ്റെ വിമർശനം ശരി, വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടി നടപ്പാക്കി വരുന്നു: പി മോഹനൻ
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സിപിഐഎം വിമർശനം ശരിവെച്ച് പി മോഹനൻ എംഎൽഎ. കാന്തപുരത്തിൻ്റെ വിമർശനം ശരിയാണെന്നും വനിത പ്രാതിനിധ്യം വർധിപ്പിയ്ക്കാനുള്ള നടപടികൾ പാർട്ടി തന്നെ ആലോചിച്ച് നടപ്പാക്കി വരികയാണെന്നും പി മോഹനൻ പറഞ്ഞു.
കാന്തപുരം ആദരണീയ വ്യക്തിത്വമാണെന്നും മതനിരപേക്ഷതയുടെ പക്ഷത്ത് നിൽക്കുന്നയാളാണെന്നും പി മോഹനൻ പറഞ്ഞു. മതകാര്യങ്ങളിൽ മതനേതാക്കൾക്കും രാഷ്ട്രീയ നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടാകും അത് സ്വാഭാവികം. പക്ഷെ കാന്തപുരം വിഭാഗത്തിൻ്റെ മതേതര നിലപാട് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും കാന്തപുരത്തിൻ്റെ സിപിഐഎം വിമർശനത്തെ ശരിവെച്ചിരുന്നു. സിപിഐഎമ്മിൽ വനിതാ ഏരിയ സെക്രട്ടറിമാർ ഇല്ലാത്തതിൻ്റെ പോരായ്മ ഉണ്ടെന്നും ബോധപൂർവ്വം അത് തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു തോമസ് ഐസക്കിൻ്റെ നിലപാട്.