Kerala
എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും: എം.വി ഗോവിന്ദന്‍
പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി. എലപ്പുള്ളിയിലെ പ്രാദേശിക നേതൃത്വം ബ്രൂവറിയില്‍ ആശങ്ക അറിയിച്ചിരുന്നു.
ഇത്തരത്തിലുള്ള ഒരു പദ്ധതി വരുമ്പോള്‍ കുടിവെള്ളമുള്‍പ്പടെ മുട്ടുമോയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് മറുപടിയായിരുന്നു പ്രതികരണം. പദ്ധതിയുമായി മുന്നോട്ട് പോയേ പറ്റു. വലിയ വ്യവസായങ്ങള്‍ വരുമ്പോള്‍ അതിനെ കണ്ണുമടച്ച് എതിര്‍ക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള പദ്ധതികള്‍ ഉണ്ടെങ്കിലേ നാടിന് വികസനമുണ്ടാകു- എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതൊരു കുടിവെള്ള പ്രശ്‌നമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
അതേസമയം, മദ്യനിര്‍മ്മാണശാല ആരംഭിക്കാനുള്ള നീക്കത്തിന് എതിരെ മന്ത്രിസഭയിലും എതിര്‍പ്പ് ഉണ്ടായിരുന്നു. കൃഷിമന്ത്രി പി.പ്രസാദ് ആണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ചട്ടങ്ങള്‍ പാലിച്ച് മാത്രമേ അനുമതി നല്‍കുവെന്ന് മന്ത്രി എം.ബി രാജേഷ് ഉറപ്പ് നല്‍കി.