India
CPIM ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

സിപിഐഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ ഇന്ന് പതാക ഉയരും. വെൺമണി രക്തസാക്ഷികളുടെ സ്മാരക കുടീരത്തിൽനിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക നാളെ രാവിലെ കൺട്രോൾ കമ്മീഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങും.
രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. രാവിലെ 10.30ന് കോടിയേരി ബാലകൃഷ്‌ണൻ സ്മാരക ഹാളിൽ പൊളിറ്റ്ബ്യൂറോ കോ-ഓഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
800ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മണിക് സർക്കാർ അധ്യക്ഷനാകും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, എഐഎഫ്‌ബി ജനറൽ സെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും