Kerala

ചന്ദ്രക്കലയോടൊപ്പം അരിവാൾ ചുറ്റിക നക്ഷത്രം;എം വി ബാലകൃഷ്ണന്റെ ഈദ് ആശംസാ കാർഡ് വിവാദമായി,പിന്‍വലിച്ചു

Posted on

കാസർകോട്: എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദത്തിൽ. കറുത്ത പശ്ചാത്തലത്തിൽ തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം ചേർത്തിറക്കിയ കാർഡ് മണ്ഡലത്തിൽ പ്രചരിച്ചു. ഇത് വിവാദമാകാനിടയുണ്ടെന്ന് പ്രചരിക്കാൻ തുടങ്ങിയതോടെയാണ് നേതാക്കൾ ശ്രദ്ധിച്ചത്. എന്നാൽ അപ്പോഴേക്കും ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും കാർഡ് വിതരണം തുടങ്ങിക്കഴിഞ്ഞിരുന്നു.

ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്റെ പേരിൽ 25,000 കാർഡുകളാണ് അച്ചടിച്ചതെന്ന് കാർഡിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ പ്രിന്റിങ് കഴിഞ്ഞപ്പോൾ തന്നെ ചിഹ്നത്തിലെ അരിവാളിന്റെ പശ്ചാത്തലത്തിൽ ചന്ദ്രക്കല പോലെ തോന്നുന്ന കാര്യം ശ്രദ്ധയിൽ പെട്ടെന്നും അതിനാൽ വിതരണം ചെയ്തില്ലെന്നുമായിരുന്നു കെ പി സതീഷ് ചന്ദ്രന്റെ പ്രതികരണം. കാർഡുകൾ പൂർണമായി പിൻവലിച്ചെന്നും അദ്ദേഹം പറഞ്ഞു. മതപരമായ വിശ്വാസത്തിനിടയിലും രാഷ്ട്രീയം കളിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version