Kerala
എക്സാലോജിക് രജിസ്റ്റർ ചെയ്തിരിക്കുന്നത് എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ച്
തിരുവനന്തപുരം: വീണ വിജയന്റെ എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ സിപിഎമ്മും പ്രതിസന്ധിയിലാകും. വീണ വിജയൻ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതാണ് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. സംഭവത്തെ നിസ്സാരവത്ക്കരിച്ച് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ തള്ളിക്കളഞ്ഞെങ്കിലും എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ ഒന്നുകിൽ പാർട്ടി പ്രതിക്കൂട്ടിലാകും അല്ലെങ്കിൽ പിണറായി വിജയന്റെ മകളെ തള്ളിപ്പറയണം എന്ന അവസ്ഥയിലേക്കാണ് സിപിഎം എത്തിനിൽക്കുന്നത്.
എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് വീണ ബെംഗളൂരുവിൽ കമ്പനി റജിസ്റ്റർ ചെയ്തത്. മുൻപ് ഇതുസംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ അഡ്രസ് ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അതിന്റെ രേഖയൊന്നും എകെജി സെന്ററിൽ ഇല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.