Politics

കൊല്ലത്ത് സിപിഐ ഓഫീസ് എസ്എഫ്ഐ അടിച്ചു തകർത്തു; സിപിഎം ആക്രമണം രണ്ടാം തവണയെന്ന് നേതാക്കൾ

Posted on

കൊല്ലത്ത് സിപിഐ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. മുഖത്തല മണ്ഡലം കമ്മറ്റി ഓഫിന് നേരെ ഇന്നലെ രാത്രിയിലാണ് അക്രമണം നടന്നത്. രണ്ട് പ്രവർത്തകർക്ക് പരുക്കേറ്റു. എഐഎസ്എഫ് പ്രവർത്തകരായ ശ്രീഹരി, അഭിജിത് എന്നിവർക്കാണ് പരുക്കേറ്റത്. കൊട്ടിയം എംഎംഎൻഎസ്എസ് കോളജിലെ യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിലെ വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള തർക്കമാണ് ഓഫീസ് ആക്രമണത്തിൽ കലാശിച്ചത്. പതിനഞ്ചോളം പേരടങ്ങുന്ന സംഘം വടികളും കല്ലുകളുമായി ഓഫിസിനുള്ളിൽ അതിക്രമിച്ചു കയറി ജനൽ ഗ്ലാസുകളും കസേരകളും തകർക്കുകയായിരുന്നു എന്ന് മണ്ഡലം കമ്മറ്റി സെക്രട്ടറി സി.പി. പ്രദീപ്  പറഞ്ഞു

കൊട്ടിയം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് സംഘടനാ പ്രവർത്തനം നടത്താൻ എസ്എഫ്ഐ അനുവദിക്കുന്നില്ല. അംഗത്വ വിതരണമുൾപ്പെടെ തടഞ്ഞു. മാഗസിൻ എഡിറ്റർ ഹേമന്ദിനെ എസ്എഫ്ഐ പ്രവർത്തകർ മുറിക്കുള്ളിൽ പൂട്ടിയിട്ട് തല്ലി. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണം നടത്തിയതെന്ന് സിപിഐ ആരോപിച്ചു.

രണ്ടാം തവണയാണ് ഓഫിസ് ആക്രമിക്കപ്പെടുന്നത്. മൂന്ന് വർഷം മുമ്പ് സിപിഎം പ്രവർത്തകർ ഇതേ കമ്മറ്റി  അടിച്ചുതകർത്തിരുന്നു എന്ന് നേതാക്കൾ പറഞ്ഞു. സിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഡിവൈഎഫ്ഐയുടെ കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ കൊട്ടിയം, കണ്ണനല്ലൂർ സ്‌റ്റേഷനുകളിൽ നിന്നും പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. സിപിഐ ജില്ല സെക്രട്ടറി പി.എസ്.സുപാൽ എംഎൽഎയും സംസ്ഥാന കൗൺസിൽ അംഗം ജി.ബാബുവും ഓഫിസ് സന്ദർശിച്ചു. അക്രമികളെ ഉടൻ പിടികൂടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version