Kerala
ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി, ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സി.പി.ഐ
ഇടുക്കി : പിണറായി സർക്കാരിനെതിരായ ജനവികാരം എത്രത്തോളം ആണെന്ന് വ്യക്തമാക്കുന്നതായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയം. ഇപ്പോളിതാ ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിരിക്കുകയാണ് സി.പി.ഐ. തിരഞ്ഞെടുപ്പ് പരാജയം ഇടതുപക്ഷത്തിന്റെ പരാജയമെന്നും ഇടതുപക്ഷസര്‍ക്കാരിന്റെ ഭരണത്തില്‍ ജനം നിരാശരാണെന്നും സി.പി.ഐ. കൗണ്‍സിലംഗം കെ. കെ. ശിവരാമന്‍ പറഞ്ഞു.
വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടല്‍ നടത്താന്‍ കഴിയാത്തതും ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന അഴിമതിയും തിരിച്ചടിയായെന്ന് കെ.കെ. ശിവരാമന്‍ പറഞ്ഞു.
ജനങ്ങള്‍ നിരാശരായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്, ഇടതുപക്ഷജനാധിപത്യ ഗവണ്‍മെന്റില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ലായെന്ന വികാരം സാധാരണ വോട്ടര്‍മാര്‍ക്കുണ്ടായിരുന്നുവെന്ന് തനിക്ക് തോന്നുന്നത്, ശിവരാമന്‍ പറഞ്ഞു. സാമൂഹ്യക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 18 മാസ കുടിശ്ശിക വരുത്തിയിരുന്നെങ്കിലും ഇടതുപക്ഷജനാധിപത്യമുന്നണി ആറ് മാസം കുടിശ്ശിക വരുത്തിയാല്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസ്സല്ല ഈ പാവപ്പെട്ട ജനങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.