Kerala

മുകേഷിന്റെ രാജി അനിവാര്യം; നിലപാട് മാറ്റി സിപിഐയും

Posted on

നടിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി സിപിഐ. മുകേഷ് രാജി വയ്ക്കണം എന്ന സിപിഐ ആവശ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിച്ചു. സംസ്ഥാന നിര്‍വാഹക സമിതി തീരുമാനമാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചത്.

ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത്‌ ഇടതുപക്ഷ നിലപാട് അല്ലെന്നാണ് നിര്‍വാഹക സമിതി യോഗത്തില്‍ ഉയര്‍ന്നത്. ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ യുഡിഎഫ് എംഎൽഎമാരായ എം.വിൻസെന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർ രാജി വയ്ക്കാത്തത് മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ലെന്ന അഭിപ്രായവും ശക്തമായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ മറ നീക്കിയത് മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളുടെ കഥയാണ്‌. നടിമാരുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നു. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ഒരാളെ സംരക്ഷിച്ചുനിർത്തുന്നത് ഇടതുപക്ഷത്തിന് ചേർന്നതല്ല എന്ന നിലപാടാണ് സംസ്ഥാന നിര്‍വാഹക സമിതിയില്‍ നിന്നും വന്നത്. ഇതോടെയാണ് ബിനോയ്‌ വിശ്വം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്.

അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മുകേഷ് എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ചുദിവസത്തേക്ക് മുകേഷിനെ അറസ്റ്റുചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ അടുത്തമാസം മൂന്നിന് കോടതി വിശദമായ വാദം കേൾക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version