Politics
വയനാട്ടില്‍ വനിതാ സ്ഥാനാര്‍ത്ഥി? സിപിഐ പരിഗണനയില്‍ രണ്ട് പേരുകള്‍
വയനാട്: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ സിപിഐ. കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍, പ്രസിഡന്റ് പി വസന്തം എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി തീരുമാനം.
സിപിഐ വയനാട് നേതൃത്വവും പീരുമേട് മുന്‍ എംഎല്‍എയായ ഇ എസ് ബിജിമോളുടെ പേരാണ് മുന്നോട്ട് വെക്കുന്നത്. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ പേരും പരിഗണനയിലുണ്ട്. രണ്ട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയ സാഹചര്യത്തിലാണ് വയനാട് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തന്നെ മത്സരിക്കുമെന്ന് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.
വയനാട്ടില്‍ രണ്ടാമതും വിജയിച്ച രാഹുല്‍ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ആനി രാജ 2,83,023 വോട്ടും എന്‍ ഡി എ സ്ഥാനാര്‍ഥി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ 1,41,045 വോട്ടുകളും നേടിയിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ 4,31,770 വോട്ടിനായിരുന്നു രാഹുലിന്റെ ജയം.