Politics
പാർട്ടി ഓഫീസിലെ ഒളിക്യാമറ വിവാദം: സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സിപിഐ
കോട്ടയം: പാർട്ടി ഓഫീസിലെ ഒളിക്യാമറ വിവാദത്തിൽ സിപിഐ അന്വേഷണം പ്രഖ്യാപിച്ചു. കോട്ടയം ജില്ലയുടെ ചുമതലയുളള സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിനെതിരെയാണ് അന്വേഷണം. ജില്ലാ കൗൺസിൽ രേഖാമൂലം പരാതി നൽകിയ സാഹചര്യത്തിലാണ് അന്വേഷണം തീരുമാനിച്ചത്. അന്വേഷണത്തിനായി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ കെ പി രാജേന്ദ്രൻ, കമലാ സദാനന്ദൻ എന്നിവരാണ് കമ്മീഷനംഗങ്ങൾ.
അതേസമയം സ്ഥലം മാറ്റത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഗോപിനാഥിനെതിരെ പാർട്ടിതല അന്വേഷണത്തിനും ഉത്തരവിട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിലാണ് അന്വേഷണം. സംസ്ഥാന എക്സിക്യൂട്ടിവാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
പ്രാഥമിക വിവരശേഖരണത്തിനായി ഏകാംഗ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ ആർ ചന്ദ്രമോഹനനാണ് വിവരശേഖരണം നടത്തുക. പരാതിയിൽ കഴമ്പുണ്ടെങ്കിൽ വിശദമായ അന്വേഷണം നടത്തും.