Politics
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം
കോഴിക്കോട്: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ. ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോഴിക്കോട് പറഞ്ഞു. ആർഎസ്എസ് വലിയ സംഘടനയാണെന്ന പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനിക്കപ്പെടുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. എഡിജിപി ഊഴം വെച്ച് ആർഎസ്എസ് മേധാവികളെ കാണുന്നത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ഉണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദമായതോടെ വിമർശനവുമായി ആദ്യം രംഗത്തെത്തിയത് സിപിഐയാണ്. കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാർ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദർശനം ആണെങ്കിലും എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചിരുന്നു.
പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള അജിത്ത് കുമാറിന്റെ കൂടിക്കാഴ്ച. തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയ വിവരങ്ങളും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് എഡിജിപി എം ആര് അജിത് കുമാറിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമാകുന്നത്.