India
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടാ… കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിൽ. അനുയോജ്യമായ മറ്റ് ശിക്ഷാ നടപടികൾ ഉള്ളതിനാൽ അതിൻ്റെ ആവശ്യമില്ലെന്നാണ് വാദം. വിഷയം സുപ്രീം കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല. വൈവാഹിക ബലാത്സംഗം എന്നത് നിയമപരമായ പ്രശ്നത്തേക്കാൾ ഉപരി സാമൂഹിക പ്രശ്നമാണ്. അതിനാല്‍ കടുത്ത നടപടികള്‍ സമൂഹത്തെ നേരിട്ട് ബാധിക്കുമെന്നും കേന്ദ്രം പറഞ്ഞു. വൈവാഹിക ദുരുപയോഗത്തിന് ഇരയായവർക്കായി നിലവിലുള്ള നിയമങ്ങൾക്ക് കീഴിൽ മതിയായ നിയമപരമായ പരിഹാരങ്ങൾ ഇതിനകം നിലവിലുണ്ടെന്നും കേന്ദ്രം പറഞ്ഞു.
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച ഏത് തീരുമാനവും എടുക്കേണ്ടത് പാർലമെൻ്റാണ്. ക്രിമിനൽ കുറ്റമാക്കിയാൽ ദൂരവ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് അഭിപ്രായമറിയിച്ചതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന് അവകാശമില്ല. എന്നിരുന്നാലും മറ്റ് ബലാത്സംഗക്കേസുകളിൽ സ്വീകരിക്കുന്ന കർശന നിയമനടപടികൾ വൈവാഹിക ബന്ധത്തിനെ അസ്ഥിരപ്പെടുത്തുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നും വേണ്ടെന്നുമുള്ള വിവിധ ഹർജികളിൽ കോടതി നേരത്തേ സർക്കാരിൻ്റെ അഭിപ്രായം തേടിയിരുന്നു. ഭർത്താവ് ഭാര്യയോട് ചെയ്യുന്ന ലൈംഗികാതിക്രമങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇളവ് ഭരണഘടന പ്രകാരം സാധുതയുള്ളതായി കണക്കാക്കാമോ എന്ന വിഷയത്തിൽ ഡൽഹി ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് മുമ്പ് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു.
ഭർത്താവ് ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഭരണഘടനയിലെ 14, 19, 21 വകുപ്പുകളുടെ ലംഘനമാണ്. അതിനാൽ ഇളവുകൾ നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ജസ്റ്റിസ് രാജീവ് ശക്ധർ വിധിയിൽ കുറിച്ചത്. ഇതിനു വിരുദ്ധമായി സമത്വത്തിനോ സ്വാതന്ത്ര്യത്തിനോ ജീവിക്കാനുള്ള അവകാശത്തിനോ ഉള്ള അവകാശം ലംഘിക്കുന്നതായി പറയാനാവില്ലെനായിരുന്നു ജസ്റ്റിസ് ഹരിശങ്കർ വിധിയിൽ അഭിപ്രായപ്പെട്ടത്.
ഇരു ജഡ്ജിമാരും വിഷയത്തിൽ നിയമപരമായ നിരവധി ചോദ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി അന്തിമ തീരുമാനം സുപ്രീം കോടതിക്ക് വിടുകയായിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച ഹർജിയിലാണ് കേന്ദ്രം ഇപ്പോള്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.