Politics

കെപിസിസിയില്‍ വനിതാപോര്; വാട്‌സാപ് ഗ്രൂപ്പില്‍ നിന്നും ഷമ മുഹമ്മദിനെ പുറത്താക്കി ദീപ്തി മേരി വര്‍ഗീസ്

Posted on

കേരളത്തിലെ കോണ്‍ഗ്രസില്‍ വനിതാ നേതാക്കളുടെ തമ്മിലടി. എഐസിസി വക്താവ് ഷമ മുഹമ്മദും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും തമ്മിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നത്. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയും ദീപ്തി മേരി വര്‍ഗീസിനാണ്. ഇതിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ദീപ്തി രൂപീകരിച്ചിരുന്നു. പ്രധാന നേതാക്കളും കോണ്‍ഗ്രസുമായി ബന്ധമുള്ളവരുമാണ് ഈ ഗ്രൂപ്പിലുണ്ടായിരുന്നത്. ചാനല്‍ ചര്‍ച്ചകളിലെ നിലപാട്, സര്‍ക്കാരിനെതിരായി ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍, ആരൊക്കെ ഏത് ചാനലില്‍ ചര്‍ച്ചക്ക് പങ്കെടുക്കണം തുടങ്ങിയ വിവരങ്ങളാണ് ഈ ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നത്. ദീപ്തിയെ കൂടാതെ കെപിസിസി ഓഫീസിലെ രണ്ട് ജീവനക്കാരുമായിരുന്നു ഈ ഗ്രൂപ്പിലെ മറ്റ് അഡ്മിന്‍മാർ. ഈ ഗ്രൂപ്പില്‍ നിന്നാണ് ഷമയെ പുറത്താക്കിയിരിക്കുന്നത്. ഈ മാസം 16നാണ് ഷമയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്.

ഗ്രൂപ്പില്‍ നിന്ന് യാതൊരു കാരണവും ഇല്ലാതെ ഒഴിവാക്കുകയാണ് ഉണ്ടായതെന്ന് ഷമ മുഹമ്മദ്  പ്രതികരിച്ചു. കാരണം എന്താണെന്ന് അറിയിച്ചിട്ടില്ല. മലയാളം ചാനല്‍ ചര്‍ച്ചകളിലും പങ്കെടുപ്പിക്കാറില്ല. മൂന്നരമാസമായി ഇത്തരത്തില്‍ ഒഴിവാക്കുകയാണെന്നും ഷമ പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഒരു പ്രശ്‌നവുമില്ല. എന്നിട്ടും ഒതുക്കാനുള്ള ശ്രമം എന്തുകൊണ്ടാണെന്ന് ദീപ്തി തന്നെ വ്യക്തമാക്കണമെന്നും ഷമ ആവശ്യപ്പെടു.

എന്നാല്‍ വാട്‌സാപ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു ദീപ്തിയുടെ പ്രതികരണം. കെപിസിസി ഔദ്യോഗികമായി രൂപംനല്‍കിയ വാട്‌സാപ് ഗ്രൂപ്പില്‍ നിന്നല്ല ഷമയെ ഒഴിവാക്കിയത്. താന്‍ വ്യക്തിപരമായി ഉണ്ടാക്കിയ ഗ്രൂപ്പാണ്. കെപിസിസിയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതല ലഭിച്ചപ്പോള്‍ സ്വന്തം നിലയില്‍ രൂപീകരിച്ചതാണ്. ചാനല്‍ ചര്‍ച്ചയുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുണ്ടാക്കിയത്. ഷമ മുഹമ്മദ് എഐസിസി വക്താവാണ്. കേരളത്തിലെ ചാനലുകൾ ദേശീയ വിഷയങ്ങളിൽ നടത്തുന്ന ചര്‍ച്ചകളിലാണ് ഷമ പങ്കെടുക്കുന്നത്. അതിനാലാണ് കേരളത്തിലെ വാർത്തകളുടെ മാത്രം ചർച്ചകൾക്കായി രൂപീകരിച്ച ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത്. ഷമ ഗ്രൂപ്പില്‍ അംഗമായതിനാല്‍ മറ്റ് ചിലര്‍ കൂടി ഗ്രൂപ്പില്‍ ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാൽ പൊതു മാനദണ്ഡമെന്ന നിലയ്ക്കാണ് ഷമയെയും ഒഴിവാക്കിയതെന്നും ദീപ്തി പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാത്തതില്‍ ഷമ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമം എന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതിലെ പ്രതികാര നടപടിയാണ് ദീപ്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം ഷമ ഉന്നയിച്ചിരുന്നു. എന്നാല്‍ അതിന് സ്വീകാര്യത ലഭിച്ചിരുന്നില്ല. ആരാണ് ഈ ഷമ എന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു. ഇതില്‍ ഷമ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഒപ്പം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും വിമര്‍ശിച്ചു. ഇതോടെയാണ് ഷമയെ ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇപ്പോഴത്തെ നടപടികളും അതിന്റെ ഭാഗം തന്നെയാണ് എന്നാണ് ഷമ കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version