Kerala

രാഷ്ട്രീയക്കാരുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ; മാസപ്പടിയിൽ വീണയ്ക്കും സർക്കാരിനും ഒരേ സ്വരം

Posted on

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ. താൻ ഐടി പ്രൊഫഷണൽ മാത്രമാണെന്നും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വീണാ വിജയൻ കോടതിയെ അറിയിച്ചു. തന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും വീണാ വിജയൻ കോടതിൽ പറഞ്ഞു. ഇരുകമ്പനികൾക്കും പരാതിയില്ലാത്തതിനാൽ വിജിലൻസ് അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്ന് വീണാ വിജയൻ്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനിക്ക് (സിഎംആർഎല്‍) അനുകൂലമായി സർക്കാരും മുഖ്യമന്ത്രിയും ഒന്നും ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നുമാണ്‌ സർക്കാർ നിലപാട്. മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

കേസ് രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ മറുപടി നൽകിയത്. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹ‍ർജിക്ക് പിന്നിലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ നിലപാട് ഇന്ന് വീണാ വിജയനും കോടതിയിൽ ആവർത്തിക്കുകയായിരുന്നു.

സിഎംആര്‍എല്ലിന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല. രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഇടപാടാണ് സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നല്‍കി എന്ന ആരോപണം കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം.

ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആർഎൽ എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തിയത്. സിഎംആർഎല്ലിൽനിന്ന് എക്സാലോജിക് സൊല്യൂഷൻസ് 1.72 കോടി രൂപ കൈപ്പറ്റി എന്നായിരുന്നു കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version