Kerala
മാസപ്പടി വിവാദത്തിൽ പൊലീസിന് കേസെടുക്കാം, ഗൂഡാലോചന, വഞ്ചനാക്കുറ്റം നിലനിൽക്കും; ഹൈക്കോടതിയിൽ ഇഡി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിവിവാദത്തിൽ കേരള പൊലീസിന് കേസെടുക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. വഞ്ചനക്കുറ്റം, ഗൂഡാലോചന ഉള്‍പ്പടെയുള്ള അഞ്ച് കുറ്റങ്ങള്‍ നിലനിൽക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി രണ്ട് തവണ ഡിജിപിക്ക് കത്ത് നൽകിയിരുന്നുവെന്നും ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി. ഇഡി പരിശോധിക്കുന്നത് കള്ളപ്പണ ഇടപാടാണ്. ഗൂഢാലോചന, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കേരള പൊലീസിന്റെ പരിധിയിൽ വരുന്നവയിൽ കേസെടുക്കാമെന്നുമാണ് ഇഡി ഹൈക്കോടതിയിൽ നൽകുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്
അതേസമയം മസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി ബാലിശമാണെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. മാത്രമല്ല, ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന സിഎംആര്‍എല്‍ കമ്പനിയുടെ വാദം തെറ്റെന്ന് ഇഡി ഹൈക്കോടതിയിൽ അറിയിച്ചു. 2019 ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ 133.82 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നുവെന്നാണ് സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കുന്നത്.
പാരിസ്ഥിതിക അനുമതി നേടേണ്ട വെല്ലുവിളികള്‍ ഉള്‍പ്പടെ സിഎംആര്‍എല്‍ നേരിട്ടു. ഇതില്‍ നിന്ന് രക്ഷപെടാനും സുഗമമായ പ്രവര്‍ത്തനത്തിനും വേണ്ടിയാണ് പണമിടപാടുകള്‍ നടത്തിയത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സിഎംആര്‍എല്‍ പണം നല്‍കിയത് ഈ സാഹചര്യത്തിലാണ്. ഇക്കാര്യം കമ്പനി അധികൃതര്‍ ആദായനികുതി വകുപ്പിന് മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. വീണാ വിജയന്റെ എക്‌സാലോജികിന് 1.72 കോടി നല്‍കിയതും വിവിധ അന്വേഷണങ്ങളില്‍ വെളിപ്പെട്ടിരുന്നുവെന്നും ഇഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.