Kerala
ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പൊലീസ് മാറി; മുഖ്യമന്ത്രി
തിരുവനന്തപുരം: ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പൊലീസ് മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കേരള പൊലീസിനെതിരെയുളള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം കേരള പൊലീസിന്റെ സവിശേഷത ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ എട്ടുവര്‍ഷം ആഭ്യന്തരവകുപ്പ് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് നിര്‍ഭയമായി കടന്നു ചെല്ലാവുന്ന ഇടങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറി. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ കക്ഷികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനായിട്ടുണ്ട്.അഭിമാനിക്കാന്‍ കഴിയും വിധം മതനിരപേക്ഷതയുടെ വിള നിലമാണ് കേരളം.
വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലും ഇവിടെ ഉണ്ടായി. പൊലീസിന്റെ ഇടപെടല്‍ മൂലം വര്‍ഗീയ കക്ഷികള്‍ക്ക് ആടി തിമിര്‍ക്കാന്‍ ആയില്ല. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചു വരുന്നുണ്ട്. പഴുതടച്ച കേസ് അന്വേഷണം കേരളത്തില്‍ നടക്കുന്നു. ഫലപ്രദമായ പ്രോസിക്യൂഷന് നടപടികളും ഉണ്ട്. കുറ്റകൃത്യം നടത്തി മറഞ്ഞിരുന്നാല്‍ ഒരിക്കലും പിടികൂടില്ല എന്ന ധാരണ ചിലര്‍ക്ക് ഉണ്ടായിരുന്നു എന്നാല്‍ അത് ശരിയല്ലെന്ന് പൊലീസ് തെളിയിച്ചു.