Kerala
ചർച്ച് ബില്ലിനെ ഓർത്തഡോക്സ് സഭ എതിർക്കുന്നത് എന്തിനാണെന്ന് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്
കൊച്ചി: ചർച്ച് ബില്ലിനെ ഓർത്തഡോക്സ് സഭ എതിർക്കുന്നത് എന്തിനാണെന്ന് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്. സഭാ തർക്കം അവസാനിക്കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. പ്രശ്നം അവസാനിക്കാനാണ് ചർച്ച് ബില്ലെന്നും അദ്ദേഹം പറഞ്ഞു. നീതി നിഷേധിക്കപ്പെട്ട സമൂഹത്തിന് നീതി ലഭിക്കാനാണ് സർക്കാർ ചർച്ച് ബില്ല് കൊണ്ടുവരുന്നത്. അതിന് എല്ലാവരുടെയും പിന്തുണയും ഉണ്ട്. യാക്കോബായ സഭയ്ക്ക് ആരോടും വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ച് ബില്ലിനെതിരെ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിദീയൻ കാതോലിക ബാവ രംഗത്ത് വന്നതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ പ്രതികരണം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട കതോലിക ബാവ കേരള സർക്കാർ നിയമം കൊണ്ടുവന്നാൽ അത് അംഗീകരിക്കരുതെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ചർച്ച് ബിൽ കൊണ്ടുവന്ന് സഭയുടെ തനിമ തകർക്കാമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. വോട്ടക്കാരൻ്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചർച്ചയ്ക്കും സഭ തയ്യാറാണ്. സഭയുടെ അസ്ഥിവാരം തകർക്കാൻ അനുവദിക്കില്ല. മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബാവയുടെ പരാമർശം.