Kerala

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

Posted on

തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ സിപിഎമ്മില്‍ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. ഒരു നടപടിയുമുണ്ടാകില്ല. അങ്കം ജയിച്ച ചേകവനെപ്പോലെയാണ് ഇപി ജയരാജന്‍ ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങി വരുന്നത് കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള പൊളിറ്റിക്കല്‍ ഡീല്‍ ആണ്. അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും അഴിമതിക്കേസില്‍ നിന്നും രക്ഷപ്പെടുന്നതിനുമുള്ള ഡീല്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ബിജെപിയുമായി സിപിഎം ഈ ഡീല്‍ തുടങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ്. തുടര്‍ഭരണമെന്നത് ബിജെപിയുടെ സംഭാവനയാണ്. ബിജെപിയുടെ നാലു ശതമാനം വോട്ടു കുറഞ്ഞപ്പോഴാണ് തുടര്‍ഭരണം ഉണ്ടായത്.

അതുകൊണ്ട് ഇപി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. ഇപിക്കെതിരെ നടപടി ഉണ്ടാകും എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിപ്പോയി എന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് കെ സുധാകരന്‍ മടങ്ങി വരുന്നത് സംബന്ധിച്ച് മെയ് നാലിന് നടക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമുണ്ടായേക്കും. അതില്‍ അഭിപ്രായവ്യത്യാസമുണ്ടാകില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പ് വരെയാണ് എംഎം ഹസ്സന് ചാര്‍ജ് നല്‍കിയിരുന്നത്. വളരെ നല്ല രീതിയിലാണ് ഹസ്സന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോയത്. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്ത് മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍, പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിച്ച് പെരുമാറേണ്ടതാണ്. പാവപ്പെട്ട ഒരു ഡ്രൈവറെ ഇങ്ങനെ ഹരാസ് ചെയ്യുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എ, മേയര്‍ തുടങ്ങിയവര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ട ആളുകളാണ്. ഇത്തരം പെരുമാറ്റങ്ങള്‍ സമൂഹത്തില്‍ പൊതുപ്രവര്‍ത്തകരെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കാനേ സഹായിക്കൂ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version