Kerala

‘വെള്ളക്കെട്ടിന് നടുവില്‍ കാര്‍ നിന്നു, പുഴയിലേക്ക് ഒഴുകി, രക്ഷയായത് മരത്തില്‍ പിടിച്ചുനിന്നത്’

Posted on

തൊടുപുഴ: മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിയപ്പോയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ട മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വട്ടപ്പിള്ളി തന്റെ അനുഭവം പങ്കുവെക്കുകയാണ്. എല്ലാം സംഭവിച്ചത് ഞൊടിയിടയിലായിരുന്നുവെന്ന് വൈദീകൻ പറയുന്നു. വെള്ളക്കെട്ടിനു നടുവിൽ എത്തിയപ്പോൾ വാഹനം നിന്നു. ഒഴുക്കിന്റെ ശക്തിയിൽ കാർ പുഴയിലേക്ക് പതിച്ചുവെന്ന് ഫാ. ജേക്കബ് പറഞ്ഞു. പിന്നീട് കാറിനുള്ളിൽ വേ​ഗത്തിലാണ് വെള്ളം കയറി തുടങ്ങിയത്. കാറിന്റെ പിൻ ഭാഗത്തേക്ക് വലിഞ്ഞു നീങ്ങി ഡോർ തുറന്ന് പുറത്തിറങ്ങി നീന്തി കരയോട് ചേർന്നുള്ള മരത്തിൽ പിടിച്ച് നിന്നെങ്കിലും മുകളിലേക്ക് കയറാനായില്ലെന്നും പുഴയ്ക്ക് സമീപത്തുണ്ടായിരുന്നവരാണ് കരക്കെത്തിച്ചതെന്നും വൈദീകൻ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.

കാറിൽ നിന്ന് ചാടിയതിന് പിന്നാലെ കാറിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിയതായി വൈദീകൻ പറഞ്ഞു. കാർ 300 മീറ്ററോളം അകലെ നിന്ന് ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്. കാർ പൂർണമായി നശിച്ചിരുന്നു. ഇന്നലെ രാവിലെ നാട്ടുകാർ ചേർന്നാണ് കാർ കരയ്ക്കെത്തിച്ചതെന്ന് ഫാ. ജേക്കബ് പറഞ്ഞു .

ഏഴുമണിയോടെയാണ് ഫാ. ജേക്കബ് മുള്ളരിങ്ങാട് ജംക്‌ഷന് സമീപം എത്തിയത്. അപ്പോൾ മഴയുടെ ശക്തി കുറഞ്ഞിരുന്നു. പള്ളിയിലേക്ക് 300 മീറ്ററോളം ദൂരം മാത്രം ബാക്കിയുള്ളിടത്തായിരുന്നു വെള്ളക്കെട്ടുണ്ടായിരുന്നത്. കൂടുതൽ വെള്ളം ഉണ്ടാവില്ലെന്നാണ് ഫാ. ജേക്കബ് കരുതിയത്. എന്നാൽ കണക്കുകൂട്ടൽ തെറ്റിയെന്ന് പാതിവഴിയെത്തിയപ്പോഴാണ് മനസിലായത്. എന്നാൽ, പിന്നിലേക്ക് വാഹനം എടുക്കാൻ ശ്രമിച്ചപ്പോൾ വാഹനം നിന്നു. പിന്നെ ഓണായതുമില്ല. ടയർ മൂടി വെള്ളം പൊങ്ങിയതോടെ വാഹനം പതിയെ ഉയർന്നു. ഒഴുക്കിന്റെ ശക്തിയിൽ കാർ പുഴയിലേക്ക് പതിച്ചതായി ഫാ. ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version