Kerala
എൽഡിഎഫ് സിഎഎ വിഷയം ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: എൽഡിഎഫ് സിഎഎ വിഷയം ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎയ്ക്കെതിരെ എൽഡിഎഫ് സംസാരിക്കുന്നത് തിരഞ്ഞെടുപ്പ് വന്നതുകൊണ്ടാണെന്നാണ് പലരും പറയുന്നത്. നാല് വർഷം മുൻപ് തിരഞ്ഞെടുപ്പ് ഇല്ലായിരുന്നല്ലോ, അന്നും തങ്ങൾ ഇതിനെതിരെ ശബ്ദിച്ചവരാണ്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ കോൺഗ്രസിന് ഇപ്പോഴും സിഎഎയിൽ പ്രതികരണമില്ല. ഒരു പാർട്ടി എന്ന നിലയിൽ പ്രതികരിക്കേണ്ടേ, എത്ര പരിഹാസ്യമാണ് ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിച്ച രാഹുൽ ഗാന്ധിയും ഇതിൽ പ്രതികരിച്ചില്ല. സിപിഐഎം ഇറക്കിയ പ്രകടനപത്രിയിൽ പൗരത്വ നിയമത്തിനെതിരെ പറഞ്ഞു. എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ മിണ്ടാട്ടമില്ല. ഇതേക്കുറിച്ച് പറഞ്ഞപ്പോൾ എട്ടാം പേജ് നോക്കാനായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഉപദേശം. പൗരത്വ നിയമഭേദഗതി എന്ന ഒരു കാര്യമേ ആ പേജിലില്ല. എത്രമാത്രം വസ്തുതാ വിരുദ്ധമായ കാര്യമാണ് കോൺഗ്രസ് പറയുന്നതെന്നും കൂട്ടിച്ചേർത്ത് മുഖ്യമന്ത്രി എങ്ങനെയാണ് കോൺഗ്രസിന് സംഘപരിവാർ മനസ്സ് വരുന്നതെന്ന് ചോദിച്ചു. കിഫ്ബി, തോമസ് ഐസക്ക് വിഷയങ്ങളിൽ കോൺഗ്രസ് ആരുടെ കൂടെയാണെന്ന് ചോദിച്ച മുഖ്യമന്ത്രി, പ്രതിപക്ഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടെയാണെന്നും ആരോപിച്ചു.