Kerala
ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി സ്വകാര്യ ബസ് ജീവനക്കാർ. വടക്കാഞ്ചേരി-ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന പി.വി.ടി എന്ന സ്വകാര്യ ബസിലെ ജീവനക്കാരായ ഡ്രൈവർ രജനീഷും കണ്ടക്ടർ കൃഷ്ണനുമാണ് യാത്രക്കാരി റെജീനയ്ക്ക് രക്ഷകരായത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കുന്നംകുളത്തുനിന്നും ബസിൽ കയറിയ യാത്രക്കാരിക്ക് പന്തല്ലൂർ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് ജീവനക്കാർ ഇവർക്ക് കുടിക്കാനായി വെള്ളം നൽകി. തുടർന്ന് ഇവർ ബസിൽ ബോധരഹിതയായി വീഴുകയായിരുന്നു. ബസ് ജീവനക്കാർ ഉടൻതന്നെ യാത്രക്കാരിയെ കുന്നംകുളത്തെ അൽഅമീൻ ആശുപത്രിയിലെത്തിച്ചു.
റെജീന കുന്നംകുളത്ത് തന്നെയുള്ള ഒരു ടെക്സ്റ്റൈൽസ് സ്ഥാപനത്തിലെ ജോലിക്കാരിയാണ്. ഇവർ കഴിഞ്ഞ 20 വർഷമായി ബസിലെ സ്ഥിരം യാത്രക്കാരികൂടിയാണ്. യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ബസ് ജീവക്കാർക്ക് അഭിനന്ദനങ്ങളുമായി നിരവധി സംഘടനകളും രംഗത്തുവന്നിരുന്നു.