India
ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം; സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്, ഘോഷയാത്രക്ക് നേരെ കല്ലേറ്
മുര്‍ഷിദാബാദ്: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം. ശക്തിപുര്‍ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. നടന്നത് ബോംബ് സ്ഫോടനമാണോ എന്നതില്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.
ആഘോഷങ്ങള്‍ക്കിടെ രജി നഗര്‍ മേഖലയില്‍ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. രജിനഗര്‍ മേഖലയില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതായി ബിജെപി ആരോപിച്ചു. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന പൊലീസിന്റെ കടമയായിരുന്നുവെന്നും ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിക്കുന്നയായും സംഭവത്തെക്കുറിച്ച് പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗന്നാഥ് ചതോപാധ്യായ പറഞ്ഞു.
ശക്തിപുര്‍ മേഖലയില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്ന് ഘോഷയാത്രയ്ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോകളും പ്രചരിച്ചിക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ചിരുന്നു.