Politics
ശോഭാ സുരേന്ദ്രൻ പാലക്കാട്ടേക്ക് പ്രചാരണത്തിനായി വരും; അഭ്യൂഹങ്ങൾ തള്ളി കെ സുരേന്ദ്രൻ
പാലക്കാട്: ശോഭാ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രചാരണത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ കൂടുതൽ നേതാക്കൾ എത്തുമെന്നും ശോഭാ സുരേന്ദ്രനും അപ്പോൾ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി തന്റെ പേരും ഉയർന്നുവന്നിരുന്നോ എന്ന ചോദ്യത്തിന് പാർട്ടി നിരവധി പേരുകൾ ചർച്ച ചെയ്തെന്നും അങ്ങനെ സമവായത്തിലെത്തിയ പേരാണ് കൃഷ്ണകുമാറിന്റേതെന്നും സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സ്ഥാനാർത്ഥികൾ പാലക്കാടിന് പുറത്തുള്ളവരാണ്. ടിവിയിൽ അല്ലാതെ ജനങ്ങൾക്ക് അവരെ കണ്ടുപരിചയമില്ല. പക്ഷെ കൃഷ്ണകുമാർ അങ്ങനെയല്ലെന്നും നിരവധി വർഷമായി പാലക്കാട് ശക്തമായി പാർട്ടി പ്രവർത്തനം നടത്തിവരുന്ന ആളായതിനാൽ വലിയ ജനപിന്തുണ ഉണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. നാടിനെ അറിയുന്ന സ്ഥാനാർഥി ബിജെപിക്ക് ഗുണകരമാകുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.