India

സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ത്തു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Posted on

ബിജെപി അംഗത്വ ക്യാംപെയ്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ അംഗങ്ങളാക്കിയത് വിവാദമാകുന്നു. ഗുജറാത്ത് സുരേന്ദ്രനഗർ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക അംഗത്വ ക്യാംപെയ്നാണ് വിവാദമുണ്ടാക്കിയത്. സംഭവം നാണക്കേട് ആയതോടെ സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂൾ മാനേജ്‌മെൻ്റിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

സുരേന്ദ്രനഗർ ജില്ലയിലെ കെയു എംആർ ഗാർഡി വിദ്യാലയത്തിലെ ഒന്‍പതാംക്ലാസിലെയും അതിന് മുകളിലുള്ള ക്ലാസുകളിലെ കുട്ടികളെയുമാണ്‌ ബിജെപിയില്‍ ചേര്‍ത്തത്. ബിജെപിയില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. ഇതെല്ലാം ലംഘിച്ചാണ് അംഗത്വ ക്യാംപെയ്ൻ നടത്തിയത്. സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗത്വ കാര്‍ഡുകള്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

സംഭവം വിവാദമായതോടെ ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നടപടിയാണിതെന്ന് സുരേന്ദ്രനഗർ ബിജെപി ജില്ലാ പ്രസിഡൻ്റ് ഹിതേന്ദ്രസിങ് ചൗഹാൻ പറഞ്ഞു.”ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എതിരെ നിയമനടപടി സ്വീകരിക്കും. 700 വില്ലേജുകളും 1000 സ്കൂളുകളും ജില്ലയിലുണ്ട്‌. ഈ സ്കൂളില്‍ മാത്രമായി എന്തുകൊണ്ട് അംഗങ്ങളെ ചേര്‍ത്തു? ഈ വിവാദത്തിന് പിന്നില്‍ മറ്റാരോ ഉണ്ട്.” – ചൗഹാൻ വ്യക്തമാക്കി.

മാധ്യമവാര്‍ത്തകളില്‍ നിന്നാണ് ഇക്കാര്യം അറിയുന്നതെന്നാണ് സുരേന്ദ്രനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) എ.എം.ഓജ പറഞ്ഞത്. “വിദ്യാര്‍ത്ഥികളോട് മൊബൈല്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അതുവഴി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗത്വം ചേര്‍ക്കുകയും ചെയ്തുവെന്നാണ് വാര്‍ത്തകള്‍ വന്നത്. അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളിന് നോട്ടീസും നല്‍കിയിട്ടുണ്ട്.” – ഓജ പറഞ്ഞു.

സമാനമായ മറ്റൊരു സംഭവവും ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു സ്കൂള്‍ അധികൃതര്‍ കുട്ടികളുടെ മാതാപിതാക്കളോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്തകള്‍ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version