Kerala

ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ആഗ്രഹപ്രകാരം അന്ത്യവിശ്രമം സഭാ ആസ്ഥാനത്ത്

Posted on

കൊച്ചി : യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അന്ത്യവിശ്രമം നൽക്കുന്നത് സഭാ ആസ്ഥാനത്ത്. പുത്തൻകുരിശ് ടൗണിനോട് ചേർന്ന അഞ്ചേക്കറിൽ ബാവ തന്നെ പണിതുയർത്തിയ സഭാ ആസ്ഥാനത്താണ് കബറിടമൊരുക്കുന്നത്.

സഭയിലെ മുഴുവൻ മെത്രാപ്പോലീത്തമാർക്കും അനുബന്ധ സംഘടനകൾക്കുമുള്ള ഓഫിസുകളും സജ്ജീകരണങ്ങളും സഭാ ആസ്ഥാനത്ത് ബാവ ഒരുക്കിയിരുന്നു. ദമസ്കസിലെ പാത്രിയാർക്കാ അരമനയുടെ മാതൃകയിൽ നിർമിച്ച സഭയുടെ പ്രാദേശിക ആസ്ഥാനത്തോട് ചേർന്നുതന്നെ മാർ അത്തനേഷ്യസ് കത്തീഡ്രലും സ്ഥാപിച്ചു. ഇതിനോടുചേർന്ന് ഒരു ആർട്സ് ആൻഡ്​ സയൻസ് കോളജും സ്ഥാപിച്ചു.

യാക്കോബായ വിദ്യാഭ്യാസ ട്രസ്റ്റിന് കീഴിലായി ഡെന്‍റൽ കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാൻ ബാവ മുൻകൈ എടുത്തു. സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികളുടെ സഹായസഹകരണം ഉറപ്പാക്കാൻ ബാവ തന്നെ മുൻകൈ എടുക്കുകയായിരുന്നു. എം എ യൂസുഫലി അടക്കമുള്ള വ്യവസായ പ്രമുഖരുമായും അടുത്ത ബന്ധമായിരുന്നു ബാവക്കുണ്ടായിരുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 50 വര്‍ഷക്കാലം സഭയെ നയിച്ച സഭാധ്യക്ഷനാണ് വിടപറഞ്ഞിരിക്കുന്നത്.

1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബര്‍ 27ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി.

പ്രതിസന്ധിഘട്ടങ്ങളില്‍ സഭയെ മുന്നോട്ട് നയിച്ച ഊര്‍ജവും ശക്തിയുമായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടത് ബാവയാണ്. വൈദികന്‍, ധ്യാനഗുരു, സുവിശേഷപ്രസംഗകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തി. യാക്കോബായ സഭയുടെ അവകാശപ്പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version