Kerala
ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ബാങ്കുകൾ എഴുതിതളളിയത് 12.3 ലക്ഷം കോടി രൂപ
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ വായ്പകളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 12.3 ലക്ഷം കോടി രൂപയുടെ വായ്പയാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എഴുതിതള്ളിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറര ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2023-24 സാമ്പത്തിക വർഷം മാത്രം 1.7 ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. ആകെ വായ്പാ കുടിശികയുടെ ഒരു ശതമാനം മാത്രമാണ് പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയതെന്നും കേന്ദ്രം പറഞ്ഞു. പാർലമെൻ്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (എസ്ബിഐ) എറ്റവും കൂടുതൽ തുക വേണ്ടെന്ന് വച്ചിരിക്കുന്നത്. പത്ത് വർഷത്തിനിടെ 2 ലക്ഷം കോടി രൂപ. പഞ്ചാബ് നാഷണൽ ബാങ്ക് 94,702 കോടി രൂപയും എഴുതിത്തള്ളിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ (2024-2025) ആദ്യ പകുതിയിൽ പൊതുമേഖലാ ബാങ്കുകൾ 42,000 കോടി രൂപയും എഴുതിത്തള്ളി. 2018- 2019 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതൽ വായ്പാ തുക എഴുതി തള്ളിയത്. 2.4 ലക്ഷം കോടി രൂപ.