India

ജഡ്ജിമാര്‍ രാജിവയ്ക്കണം; ബംഗ്ലാദേശില്‍ സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധക്കാര്‍

Posted on

ധാക്ക: ബംഗ്ലാദേശില്‍ ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍. നൂറുകണക്കിന് വിദ്യാര്‍ത്ഥികളടങ്ങുന്ന പ്രതിഷേധക്കാര്‍ ചീഫ് ജസ്റ്റിസ് ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സുപ്രീംകോടതി വളഞ്ഞു. സ്ഥിതിഗതികള്‍ വഷളായതിനെതുടര്‍ന്ന് ചീഫ് ജസ്റ്റിസിനെ കോടതി പരിസരത്തുനിന്ന് കാണാതായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോടതി യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോടതിയിലെ ജഡ്ജിമാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ ആരോപിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ നിശ്ചയിച്ചിരുന്ന ഫുള്‍കോര്‍ട്ട് യോഗം പെട്ടെന്ന് നിര്‍ത്തിവച്ചു.

അതേസമയം, ബംഗ്ലാദേശിലുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ചാരസംഘടനയുടെ പങ്ക് സംശയിക്കുന്നതായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസെദ് ജോയ് പറഞ്ഞിരുന്നു. ഇന്റര്‍ സെര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ)യുടെ പങ്ക് സംശയിക്കുന്നതായാണ് സജീബ് പ്രതികരിച്ചത്. പ്രതിഷേധവും ആക്രമണങ്ങളും ആസൂത്രിതമാണെന്നും പ്രക്ഷോഭകര്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഭീകരവാദ സംഘടനകള്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ എന്നും സജീബ് പറഞ്ഞു.

സാഹചര്യ തെളിവുകള്‍ വിദേശ ഇടപെടലുകളിലേക്കും ഐഎസ്‌ഐയുടെ സാന്നിദ്ധ്യത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ‘സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്താല്‍ പാകിസ്ഥാന്‍ ഐഎസ്‌ഐയുടെ പങ്കാളിത്തം ഞാന്‍ സംശയിക്കുന്നു. ആക്രമണങ്ങളും പ്രതിഷേധങ്ങളും വളരെ ആസൂത്രമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സാഹചര്യം ആളിക്കത്തിക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തുതന്നെ ചെയ്താലും, അവര്‍ അത് വഷളാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.’; പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version