India
രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ്; അയോധ്യ കേസിൽ വിധിപറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർക്ക് ക്ഷണം
ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ 2019ലെ സുപ്രധാന വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ വിരമിച്ച അംഗങ്ങൾക്ക് ക്ഷണം. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, എസ്എ ബോബ്‌ഡെ, ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർക്കാണ് ക്ഷണം. 50-ലധികം നിയമജ്ഞർ ക്ഷണിതാക്കളുടെ പട്ടികയിലുണ്ടെന്നാണ് ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, രാം ലല്ല വിരാജ്മാനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരാശരനെയും ക്ഷണിച്ചിട്ടുണ്ട്. 2019 നവംബർ 9 ലെ വിധിയിൽ, ഭരണഘടനാ ബെഞ്ച് 2.77 ഏക്കർ തർക്കഭൂമി മുഴുവൻ രാം ലല്ല വിരാജ്മാന് കൈമാറി.
സുന്നി സെൻട്രൽ വഖഫ് ബോർഡിന് മസ്ജിദ് നിർമിക്കാൻ മറ്റെവിടെയെങ്കിലും അഞ്ചേക്കർ സ്ഥലം നൽകണമെന്ന് യുപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുൻ സിജെഐ ഗൊഗോയ് ഇപ്പോൾ രാജ്യസഭാ എംപിയാണ്, അയോധ്യ വിധിക്ക് ഒമ്പത് ദിവസത്തിന് ശേഷം ചീഫ് ജസ്റ്റിസായി മാറിയ ജസ്റ്റിസ് ബോബ്‌ഡെ 2021 ഏപ്രിലിൽ വിരമിച്ചു. ജസ്റ്റിസ് ഭൂഷൺ 2021 ജൂലൈയിൽ വിരമിച്ചു. ജസ്റ്റിസ് നസീർ നിലവിൽ ആന്ധ്രപ്രദേശ് ഗവർണറാണ്.