India

രാജിവച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്

Posted on

ന്യൂഡൽഹി: രാജിവച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ലുധിയാന മണ്ഡലത്തിൽ അരുൺ ​ഗോയലിനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചനയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോൺ​ഗ്രസിന്റെ സിറ്റിം​ഗ് സീറ്റാണ് ലുധിയാന. പഞ്ചാബ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അരുൺ ​ഗോയൽ നേരത്തേ ലുധിയാനയിൽ ഡെപ്യൂട്ടി കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2019-ൽ ലുധിയാനയിൽ മത്സരിച്ചത് എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായിരുന്ന അകാലിദളായിരുന്നു. കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി.യും അകാലിദളും പിരിഞ്ഞു. ഇക്കുറി വീണ്ടും സഖ്യത്തിനുള്ള ശ്രമങ്ങൾ ബി.ജെ.പി.യും അകാലിദളും അണിയറയിൽ തുടരുന്നതിനിടയിലാണ് അരുൺ ഗോയലിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കം. മുൻമുഖ്യമന്ത്രിയും അകാലിദൾ നേതാവുമായിരുന്ന പ്രകാശ് സിങ് ബാദലിന്റെ വിശ്വസ്തനായിരുന്ന അരുൺ ഗോയലിനെ സ്ഥാനാർഥിയാക്കിയാൽ അകാലിദളും പിന്തുണയ്ക്കുമെന്നാണ് അനുമാനം.

ബി.ജെ.പി.-അകാലിദൾ സഖ്യമുണ്ടായാൽ ഗോയലിനെ പൊതുസമ്മതസ്ഥാനാർഥിയാക്കാമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു. അതേസമയം പഞ്ചാബ് മുൻ ആഭ്യന്തരസെക്രട്ടറി എസ്.എസ്. ചന്നി, ബി.ജെ.പി. സംസ്ഥാനനേതാക്കളായ ഗുരുദേവ് ശർമ ദേബി, പ്രവീൺ ബൻസൽ, അനിൽ സരിൻ തുടങ്ങിയവരും മണ്ഡലത്തിലേക്ക് സാധ്യതാപട്ടികയിലുണ്ടെന്നാണ് സൂചന.

സിറ്റിങ് എം.പി.യായ രവ്‌നീത് സിങ് ബിട്ടുവായിരിക്കും കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ രണ്ടുവട്ടം ബിട്ടുവാണ് ഇവിടെ ജയിച്ചത്. 2009-ൽ കോൺഗ്രസിന്റെ മനീഷ് തിവാരി ജയിച്ചതും ലുധിയാനയിൽനിന്നാണ്. നിലവിൽ അനന്തപുർ സാഹിബ് എം.പി.യായ മനീഷ് തിവാരി ചിലപ്പോൾ ലുധിയാനയിലേക്കു മാറിയേക്കുമെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version