Kerala
സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസിനെന്ന് പറഞ്ഞ് തട്ടിയത് 34 ലക്ഷം; യുവതി പിടിയില്‍
സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 34 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി പിടിയില്‍. സരിത(39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ചവറ സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് കബളിപ്പിച്ച് പണം തട്ടിയത്. സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങിനല്‍കാമെന്നും യുവതി ഇവരെ അറിയിച്ചു.
തനിക്ക് മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും ഈ ബിസിനസിലും പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്‍കി. പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്. പണം നല്‍കിയിട്ടും ലാഭവിഹിതം കിട്ടാതായതിനെത്തുടര്‍ന്ന് പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടില്‍ച്ചെന്നപ്പോള്‍ സരിതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി. പണം നഷ്ടമായെന്നു ബോധ്യമായപ്പോഴാണ് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്ന് കണ്ടെത്തി. ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപയും തട്ടിയിട്ടുണ്ട്. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജു, എസ്ഐ ഗോപാലകൃഷ്ണന്‍, എഎസ്ഐ മിനിമോള്‍, സിപിഒമാരായ രഞ്ജിത്ത്, മനീഷ്, അനില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് സരിതയെ അറസ്റ്റ് ചെയ്തത്.