India
തിയേറ്ററില്‍ ആടിനെ തലയറുത്ത് ‘മൃഗബലി’; അഞ്ച് പേര് അറസ്റ്റില്‍
തിരുപ്പതി: തിരുപ്പതിയില്‍ സിനിമാ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിനെ തലയറുത്ത സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. ജനുവരി 12 ന് ‘ദാക്കു മഹാരാജ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിന് മുമ്പായിരുന്നു സംഭവം.
പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ഇമെയിലില്‍ എസ്പിക്ക് അയച്ച പരാതിയിലാണ് നടപടി. ആടിനെ തലയറുത്ത് രക്തം സിനിമയില്‍ പ്രധാന വേഷം ചെയ്ത നടന് എന്‍. ബാലകൃഷ്ണയുടെ പോസ്റ്ററില്‍ പുരട്ടി.
സംഭവത്തില്‍ ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രശസ്ത തെലുങ്ക് നടനും ഹിന്ദുപുര്‍ എംഎല്‍എയുമായ ബാലകൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സഹോദരീഭര്‍ത്താവാണ്.