India
മുംബൈയിലെ ബിഎംഡബ്ല്യു കാർ അപകടം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ മകൻ അറസ്റ്റിൽ
മുംബൈ: അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ബൈക്കിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ മിഹിർ ഷാ അറസ്റ്റിൽ.
മിഹിറിൻ്റെ സുഹൃത്തിൻ്റെ മൊബൈൽ ലോക്കേഷൻ ട്രാക്ക് ചെയ്താണ് മിഹിറിനെ കണ്ടെത്തിയത്. മിഹിർ ഒളിവിൽ പോയത് മുതൽ സുഹൃത്തിന്റെ ഫോണും സ്വിച്ച്ഡ് ഓഫായിരുന്നു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് അറസ്റ്റിലായ മിഹിർ ഷാ.
ജൂലൈ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം.ദമ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവും ബൈക്കിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീപ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കിൽ നിന്ന് ചാടിയിറങ്ങാനായില്ല. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.