Crime
പീഡനക്കേസ് പ്രതി വെടിയേറ്റ് മരിച്ചു; പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ചുകൊന്നു. ലക്‌നൗവിലെ ബറേലിയിലാണ് സംഭവം. 2018 ലെ പീഡന കേസിൽ ജയിൽ മോചിതനായ 28 കാരനാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെയും ബന്ധുവിനെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തു.
തന്റെ വീടിനു പുറത്തിരിക്കുകയായിരുന്ന പ്രതിയെ ആരോ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ സമയത്ത് കുടുംബാംഗങ്ങൾ ടെറസിനു മുകളിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, വെടിവച്ചതിനു പിന്നിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവാണെന്ന് പ്രതിയുടെ കുടുംബം ആരോപിച്ചു.
”സംഭവത്തിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിന്റെയും ബന്ധുവിന്റെയും പങ്കിനെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. തെളിവുകൾ ശേഖരിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വെടിവച്ചശേഷം രണ്ടുപേർ ഓടി പോകുന്നത് കണ്ടതായി മരിച്ച പ്രതിയുടെ ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരാൾ വെടിയേറ്റ് മരിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചത്. വെടിയേറ്റ ഉടൻതന്നെ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്ന് പോലീസ് പറഞ്ഞു. പീഡന കേസിൽ ജയിൽ മോചിതനായ പ്രതി ഡൽഹിയിലായിരുന്നു താമസിച്ചിരുന്നത്. ഏതാനും മാസം മുൻപാണ് ബെറേലിയിലെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു.